Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ 10 വർഷത്തിന് ശേഷം പിടിയിൽ. പുളിക്കീഴ് ചാത്തങ്കേരിയിൽ ജെയിംസ് ചാക്കോ (48) ആണ് പിടിയിലായത്.
പുളിക്കീഴ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. 2016 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കതക് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി മാനസികവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽപോയ പ്രതി 10 വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. വെണ്ണിക്കുളത്തെ ഇയാളുടെ ഒളിത്താവളത്തിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ ഇന്നുച്ചയോടെ ആയിരുന്നു സംഭവം.
സംഭവത്തിൽ നെയ്യാറ്റിൻകര എസ്ഐ അക്ഷയ് കുമാർ, പോലീസുകാരായ നിതിൽ സുകുമാരൻ, ആന്റണി മിറാണ്ട എന്നിവർക്കാണ് പരിക്കേറ്റത്. നടരാജ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതി സനോജിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. പിന്നാലെ നെയ്യാറ്റിൻകരയിൽ നിന്ന് സനോജിനെ പിടികൂടുകയായിരുന്നു.
സനോജ് ഥാർ ജീപ്പിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിലും ബൈക്കിലുമായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഇടിച്ചിട്ടശേഷം ജീപ്പുകൊണ്ട് കോൺക്രീറ്റ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും ഫിനാൻസ് ഉടമയുമായ ശ്രീജിത്തിനെ നേരത്തെ പിടികൂടിയിരുന്നു.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെയ്യാറ്റിൻകര മാരായമുട്ടം, തത്തിയൂർ സ്വദേശി അബിൻ ( 23) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു പ്രതിയെ ഡാൻസാഫ് സംഘം പിടികൂടിയത്.
പുലർച്ചെ തിരുവനന്തപുരത്ത് നിന്നും എംഡിഎംഎ വാങ്ങിയശേഷം ഇലക്ട്രിക് സ്കൂട്ടറിൽ മാരായമുട്ടം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അബിൻ പിടിയിലാകുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഇയാൾക്ക് എംഡിഎംഎ കൈമാറിയത് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അബിൻ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പോലീസ് അറിയിച്ചു.
Kerala
തൃശൂർ: ഫിഫ ലോകകപ്പ് മത്സരം സംപ്രേഷണം തുടങ്ങുന്നതിന് മുൻപായി കറന്റ് പോയതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരന് മർദനം. തൃശൂർ മാളയിലാണ് സംഭവം. അന്നമനട കെഎസ്ഇബി ഓഫീസിലെ താത്കാലിക ജീവനക്കാരനായ നിതിൻ ആണ് മർദനമേറ്റത്.
പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് മുൻപാണ് കറന്റ് പോയത്. തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിൽ.
നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നു. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത മോഷ്ടാവ് പിടിയിൽ. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്. കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ ആയിരുന്നു പ്രതി തട്ടിയെടുത്തത്.
ബുധനാഴ്ച ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായ വിജു. കാസർഗോഡ് സ്വദേശിയായ മധ്യവയസ്കന്റെ ഫോണാണ് വിജു തട്ടിയെടുത്തത്.
ഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പോലീസിലും വിവരം അറിയിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ എം.കെ. റാമിനെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം. റാം ഒളിവിൽ കഴിയുന്നത് ആന്ധ്രയിലെ ചിറ്റൂരിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
നിലവിൽ ചിറ്റൂരിൽ ക്രൈംബ്രാഞ്ച് സംഘം എം.കെ. റാമിനായി തെരച്ചിൽ നടത്തുന്നുണ്ട്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിൽ തുടരുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ രൂക്ഷപ്രതികരണം നടത്തിയിരുന്നു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസിൽ വരുന്നതെന്നു കോടതി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്നു മനസിലാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കൊല്ലത്ത് വിവാഹതട്ടിപ്പ് വീരനും സഹായിയും പിടിയിൽ. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39), ബന്ധുവിന്റെ വേഷത്തിൽ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് പിടിയിലായത്.
രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്.
ജോബിൻ എന്ന വ്യാജ പേരിലാണ് പുതിയ വരനായി എത്തിയത്. മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയാൾക്ക് ആ ബന്ധങ്ങളിൽ നാല് മക്കളുമുണ്ട്. മൂന്നാമത് വീണ്ടും വിവാഹം കഴിച്ചതറിഞ്ഞതോടെ ആദ്യ ഭാര്യമാരിൽ ഒരാൾ കുന്നത്തൂരിൽ അന്വേഷണം നടത്തി. തുടർന്ന് ശാസ്താംകോട്ട പോലീസിൽ പരാതിയും നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സഹായിയും പിടിയിലായത്.
Kerala
കോഴിക്കോട്: ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കിൽ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. കോഴിക്കോട് മാറാട് നീര്‍മൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടില്‍ അലി അക്ബർ (50) ആണ് പിടിയിലായത്.
2021 മുതൽ പ്രതി നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുന്നതായും കാട്ടി മാറാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഫോണിലൂടെയും നേരിട്ടും പ്രതി നിരന്തരം ശല്യം ചെയ്തതായും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
മാറാട് പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ നാരങ്ങയിൽ നീര് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം. ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദനം.
വടക്കാഞ്ചേരിയിലെ മിണാലൂർ സെലക്ട് ദർബാർ റെസ്റ്റോറന്റിൽ ആണ് സംഭവം. നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് തുടങ്ങിയ തർക്കം ക്രൂര മർദനത്തിൽ കലാശിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ.
ആക്രമണത്തിൽ റെസ്റ്റോറന്റ് ഉടമ മുജീബിന്റെ (38)മൂന്ന് പല്ലുകൾ നഷ്ടമായി. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്. പ്രതികളിൽ ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. ഇന്നലെ മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ നോട്ടീസ് നൽകി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. മൂന്നു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യൽ നീണ്ടു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വടക്കാഞ്ചേരിയിൽ യുഎഇയുടെ സഹകരണത്തോടെ ലൈഫ് പദ്ധതി പ്രകാരം പാർപ്പിട കെട്ടിടം നിർമിച്ചു നൽകുന്ന ഇടപാടിൽ അഞ്ച് കോടിയിൽ പരം രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന് നേരത്തെ സ്വപ്ന ആരോപിച്ചിരുന്നു. കേസിൽ നേരത്തെയും സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. കുറ്റപത്രം നൽകിയിരുന്നില്ല.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് വിജിലൻസ് സംഘം സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നത്. പുതിയ സർക്കാർ വരുമ്പോൾ പുതിയ അന്വേഷണവും ഉണ്ടാകുമെന്ന് സ്വപ്ന പ്രതികരിച്ചു.
National
ബംഗളുരു: കർണാടകയിലെ ചിക്കബല്ലാപുരിൽ വ്യാജരേഖകൾ ഉപയോഗിച്ച് കഴിഞ്ഞിരുന്ന പാക് പൗരത്വമുള്ള സ്ത്രീയും മകനും അറസ്റ്റിൽ. യുഎഇയിൽവച്ച് ഇന്ത്യക്കാരനുമായി വിവാഹിതയായതോടെ ഇവർ ഇന്ത്യയിലെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പാക്പൗരത്വം മറച്ചുവച്ച് ഇരുവരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽകാർഡും റേഷൻകാർഡും സ്വന്തമാക്കിയിരുന്നു. സർക്കാർ രേഖകളുടെ പരിശോധനയിലാണ് ചിക്കബല്ലാപുരിലെ ബാഗേപള്ളിയിലുള്ള ദാസയ്യഗരിപള്ളിയിൽ കഴിഞ്ഞിരുന്ന ഫറ നാസും മകൻ മുഹമ്മദ് ഫർദീനും പിടിയിലായത്.
ബാഗേപള്ളി സ്വദേശിയായ അയുബ് ഖാൻ എന്നയാൾ യുഎഇയിൽ ജോലി ചെയ്യുന്പോൾ ഫറ നാസിനെ വിവാഹം ചെയ്തതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ദന്പതികൾക്ക് നാല് മക്കളാണുള്ളത്. അയുബ് ഖാനും മൂന്നു മക്കൾക്കും ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിലും ഫറ നാസും മുഹമ്മദ് ഫർദീനും പാക് പൗരത്വമാണുള്ളത്. ഇവർക്ക് വ്യാജ തിരിച്ചറിയിൽ രേഖകൾ എങ്ങനെ എത്തി എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവ ദമ്പതിമാർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
തിങ്കളാഴ്ച അബുദാബിയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. ഇവരുടെ അസ്വാഭാവികമായ പെരുമാറ്റവും നടത്തവും ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു.
Kerala
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചേറുംകുളം സ്വദേശി ശശി (42) ആണ് കൊലപാതകത്തിന് ശേഷം മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവി(70) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. ഗുരുതര പരിക്കേറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ കോഫി ഷോപ്പില്‍ വച്ചു പരിചയപ്പെട്ട ദമ്പതിമാരുടെ ആറുലക്ഷം തട്ടിയെടുത്ത കേസില്‍ മൈസൂരു സ്വദേശികളായ അര്ജുന് (30), വിനോദ് (23) എന്നിവരെ പാലാരിവട്ടം പോലീസ് കന്യാകുമാരിയില്‍നിന്ന് അറസ്റ്റ് ചെയ്തു.
മൈസൂരുവില്‍ ഭൂമി ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വര്‍ണം തങ്ങളുടെ കൈവശമുണ്ടെന്നും അത് വില്ക്കാന് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചാണ് മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും തട്ടിപ്പുസംഘം സമീപിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തതിന് പിന്നാലെ നിർണായക നീക്കവുമായി പോലീസ്. കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
എറണാകുളത്തുണ്ടായിരുന്ന തൊപ്പി കേസിന് പിന്നാലെ ജില്ല വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സുഹൃത്തുക്കളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനൽ പോലീസ് ഇടപെട്ട് പൂട്ടിച്ചത്.
പോലീസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. മുഹമ്മദ് നിഹാദിന്റെ മുന്കൂര്ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടിൽ എതിർത്തിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു.
എറണാകുളം റൂറൽ സൈബർ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
Kerala
ചാത്തന്നൂർ: കൊല്ലം ചിറക്കരയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ചിറക്കരത്താഴം രാഹുൽ നിവാസിൽ രാജന്റെ മകൻ രാഹുൽ(32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 52 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
പാരിപ്പള്ളി പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി 7.45ഓടെ ചിറക്കര വാഴവിള ജംഗ്ഷനിൽ നിന്നും ചിറക്കര താഴം പോകുന്ന വഴിയിൽ വച്ചാണ് രാഹുൽ പിടിയിലായത്.
ഏറെ നാളായി കഞ്ചാവും രാസലഹരിയും കച്ചവടം നടത്തി വന്ന രാഹുൽ ആദ്യമായാണ് പോലിസ് പിടിയിലാവുന്നത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
തൃശൂര്‍: ചെന്ത്രാപ്പിന്നിയിൽ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. റൗഡി ലിസ്റ്റിലുള്ള ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കല്‍ വീട്ടില്‍ അനു എന്ന് വിളിക്കുന്ന സൂരജ് (40), ഒല്ലൂര്‍ പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു (33) എന്നിവരാണ് പിടിയിലായത്.
ജൂലൈ 12ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ നന്നാക്കാന്‍ എത്തിയ ചാമക്കാല സ്വദേശി യദുവിനെയാണ് പ്രതികൾ ആക്രമിച്ച് പണം കവർന്നത്.
പിടിയിലായ സൂരജ് 25 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്ന് കയ്പമംഗലം പോലീസ് അറിയിച്ചു. ഒല്ലൂര്‍ പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ള വിഷ്ണു എട്ട് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കയ്പമംഗലം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
Kerala
കൊല്ലം: കൊല്ലം വാളത്തുങ്കലിൽ വേദനസംഹാരി ഗുളികകളുടെ വൻശേഖരവുമായി യുവാവ് പിടിയിൽ. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയിൽ നിന്ന് 6,200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകളും എക്സൈസ് കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ഓടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.
Kerala
പെരുമ്പാവൂർ: പെരുമ്പാവൂർ പൂപ്പാനിയിൽ ഒൻപത് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ. മുർഷിദാബാദ് സ്വദേശി സഹിൻ മണ്ഡൽ, ഇയാളുടെ സുഹൃത്തിന്റെ ഭാര്യ സബീഗുൻഹർ ഘാത്തുൻ എന്നിവരാണ് പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാടകവീടിന്റെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
Kerala
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മുഹമ്മദ് നിഹാദിന്റെ മുന്കൂര്ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടിൽ എതിർക്കുന്നു.
ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് റിപ്പോർട്ട്. ആലുവ റൂറല്‍ സൈബര്‍ പോലീസ് ആണ് നിഹാദിനെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.
എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി ഇന്ന് ശിപാർശ സമർപ്പിച്ചേക്കും.
റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഡിജിപി റിപ്പേർട്ട് സമർപ്പിക്കുന്നത്.
അതേസമയം അജിത് കുമാർ വിഷയത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും സർക്കാർ നടപടികൾ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാലും മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ പിടിയിലായ പ്രതി ഉദയകുമാറിന്റെ സുഹൃത്തായ 17കാരനാണ് പിടിയിലായത്.
ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത്. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് മകൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്. സരസമ്മാൾ ധരിച്ചിരുന്ന രണ്ടു സ്വർണ മൂക്കുത്തികൾ കൈക്കലാക്കാൻ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വടിവാൾ കൊണ്ട് കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചി മുറിയിൽ വച്ചു കത്തിക്കുകയായിരുന്നു.
തുടർന്ന് ശരീര അവശിഷ്ടങ്ങൾ വീടിനു പുറകു വശത്തു കുഴിച്ചിടുകയും ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകം പുറത്തുവന്നത്. പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ സ്റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ പ്രതി പിടിയിൽ. അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ ആണ് കേസിൽ പിടിയിലായത്.
ഇയാളുടെ വാടക വീട്ടിൽ നിന്ന് 5,200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. വീടിനുള്ളിലും സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നുമാണ് ആറ് ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
പ്രതിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വീട് വാടകയ്ക്ക് എടുത്തത് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കാനാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് കവർച്ച നടത്തുന്ന രണ്ട് പേരെ കേരള പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34), പപ്പുസ്വാമി (32) എന്നിവരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്.
കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്ന പ്രതികളെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് കൊല്ലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. മംഗലകുന്ന് സ്വദേശിനിയുടെ അഞ്ചര പവന്റെ സ്വർണമാല പൊട്ടിച്ച് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞതായി പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേരള പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
National
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. മുംബൈയിലെ ഘട്കോപര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.
16കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും എതിര്‍ത്തിട്ടും ഇയാൾ ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ജൂലൈ അഞ്ചിന് രോഹിത് ചന്ദേൽ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി നാളെ ശിപാർശ സമർപ്പിച്ചേക്കും.
റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് മുന്നിലേക്കെത്തുന്നത്.
Kerala
തിരുവനന്തപുരം: ചില കേസ് വിവരം ജനമറിയതെയിരിക്കാൻ ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ചു വിജിലൻസിനെ ഭാഗികമായി വിവരവകാശ പരിധിയിൽനിന്ന് ഒഴിവാക്കാൻ നീക്കം. മാന്വൽ പരിഷ്കരിച്ച് വിജിലൻസിനെ ജനകീയമാക്കാൻ ശ്രമിക്കുന്നു എന്ന അവകാശവാദത്തിന് പിന്നാലെയാണ് ഉന്നതങ്ങളിൽ ഇത്തരമൊരു നീക്കം ആരംഭിച്ചത്.
2025 ജനുവരി 11ന് അന്നത്തെ വിജിലൻസ് ഡയറക്ടർ ഡിജിപി യോഗേഷ് ഗുപ്തയുടെ നിർദേശപ്രകാരം ഐജി കാർത്തിക് കേന്ദ്ര ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ മാതൃകയിൽ സംസ്ഥാന വിജിലൻസിനെയും വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിവാദമാകുമെന്ന് മുന്നിൽ കണ്ട് ശിപാർശയിൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഫയൽ വീണ്ടും പൊടി തട്ടി എടുക്കുന്നുവെന്നാണ് സൂചന.
ഉന്നതർക്കെതിരായുള്ള കേസ് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭാഗികമായി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്ന് നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
2016ൽ വിജിലൻസ് വകുപ്പിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ ടോപ് സീക്രട്ട് സെക്ഷൻ വിജിലൻസിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ സെക്ഷനുകളിലായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതിൽ രഹസ്യ സ്വഭാവമുള്ള രേഖകളും പെടുന്നു. വീണ്ടും ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ച് അതു വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആഭ്യന്തര വകുപ്പിൽ പൊതുതാത്പര്യമുള്ള അന്വേഷണ റിപ്പോർട്ടുകൾ വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നതിന് നിലവിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വിജ്ഞാപനപ്രകാരം സംസ്ഥാന പോലീസ് വകുപ്പിനു കീഴിലുളള ക്രൈം റിക്കാർഡ്സ് ബ്യൂറോ ഉൾപ്പെടെ എട്ട് പ്രധാന ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളിൽനിന്നും സെക്രട്ടേറിയേറ്റിലെ ആഭ്യന്തര (രഹസ്യ വിഭാഗം എ), ആഭ്യന്തര (രഹസ്യ വിഭാഗം ബി) വകുപ്പുകളിലേക്ക് അയയ്ക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളെയും റിപ്പോർട്ടുകളെയും വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
National
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിനെ ക്കുറിച്ചറിയാൻ ക്ഷേത്രം ജീവനക്കാരുടെ ഫോൺവിളികളും പരിശോധിക്കണമെന്ന് സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ്.
ഇത്തരത്തിൽ പരിശോധിക്കപ്പെട്ടാൽ 99.9 ശതമാനവും ബിജെപി കേന്ദ്രങ്ങളുമായി ബന്ധം പുലർത്തുന്നതായി കാണാം. ഇത് ബിജെപിക്കുള്ളിൽത്തന്നെ ചേരിപ്പോരുകൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിക്കുള്ളിൽ ആക്ഷേപങ്ങളും തർക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. അവർ പലരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിന്റെ കണ്ണിൽ പെപ്പര്‍ സ്പ്രേ അടിച്ചെന്ന പരാതിയില്‍ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ചിറയിന്‍കീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ നിർദേശിച്ചത്.
2023 ഒക്ടോബര്‍ 9ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈലിലേക്ക് സന്ദേശമയച്ചെന്ന പേരില്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലായിരുന്നു യുവാവിനെതിരായ അതിക്രമം നടന്നത്.
സംഭാഷണത്തിനിടെ പ്രകോപിതനായ എസ്ഐ കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിച്ചെന്നായിരുന്നു പരാതി. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയും മനുഷ്യാവകാശ കമ്മീഷനും പരാതിയിൽ അന്വേഷണം നടത്തിയിരുന്നു.
യുവാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
Kerala
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വൻലഹരി വേട്ട. എട്ട് ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശമുള്ള കൊച്ചീത്തറ ബിൽഡിംഗിൽ നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പിടികൂടിയത്.
കടയുടമ അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത് ലാൽ രക്ഷപ്പെട്ടു. ഇയാളുടെ വീടിനോട് ചേർന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി ഹാൻസ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് നടത്തിയ തെരച്ചിലിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
പ്രതിയുടെ വീട്ടിൽ നിന്ന് പിടികൂടിയ ആഡംബര കാറിലും ചാക്കുകളിൽ നിറച്ച നിലയിൽ ഹാൻസുണ്ടായിരുന്നു. ഏകദേശം എട്ട് ലക്ഷം രൂപ വില വരുന്ന ഹാൻസാണ് പിടികൂടിയത്.നേരത്തെയും നിരോധിത പുകയില ഉത്പന്നം കച്ചവടം ചെയ്ത കേസിൽ പ്രതിയാണ് രഞ്ജിത് ലാൽ.
ഹാൻസ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ കരാറെടുത്തിരുന്ന കമ്പനിയുടെ ട്രെയിലർ ലോറികളിൽ നിന്നും വിലപിടിപ്പുള്ള പാർട്സുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കമ്പനിയുടെ ജീവനക്കാരായ മൂന്ന് യുവാക്കളാണ് പിടിയിലായത്.
ചിറ്റാർ സീതത്തോട് ഗുരുനാഥൻ മണ്ണ് താമരശേരിയിൽ വീട്ടിൽ വിവേക് ടി.പി (29), ചിറ്റാർ സീതത്തോട് 86 മൂട്ടപ്പടി നല്ലാനിക്കുന്നത്ത് വീട്ടിൽ നസീം നാസർ (21), ചിറ്റാർ സീതത്തോട് മൂന്നു കല്ല് കോർട്ട് പടി ചേത്തയ്ക്ക പറമ്പിൽ വീട്ടിൽ ആഷി എന്ന് വിളിക്കുന്ന ഹാഷിം (26) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിംഗ് കമ്പനിയുടെ വക ട്രെയിലർ ലോറികളിലാണ് പ്രതികൾ മോഷണം നടത്തിയത്. മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള കാലയളവിലായിരുന്നു മോഷണം.
ലോറികളുടെ ബാറ്ററികൾ, ടയറുകൾ, ഡിസ്കുകൾ എന്നിവയുൾപ്പെടെ രണ്ട് ലക്ഷത്തിലേറെ രൂപയുടെ സാമഗ്രികളാണ് മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
National
മുംബൈ: മഹാരാഷ്ട്രയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് ശിവസേന പ്രവത്തകർ പിടിയിൽ. ഇക്കഴിഞ്ഞ തിങ്കളാഴ്ച കല്യാൺ ഡോംബിവാലി മുൻസിപൽ കോർപറേഷൻ ആശുപത്രിയിലാണ് സംഭവം.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. പ്രസവത്തിനെത്തിയ യുവതിയുടെ കുടുംബത്തോട് ആശുപത്രിയിലെ എൻഐസിയുവിൽ സ്ഥലമില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്നും പറഞ്ഞതാണ് തർക്കത്തിന് കാരണം.
യുവതിയുടെ ബന്ധുക്കൾ ശിവസേന ഷിൻഡേ വിഭാഗം നേതാവും കോർപറേഷൻ കൗണ്‍സിലറുമായ രമേഷ് മഹാത്രെയെ വിവരം അറിയിച്ചു. അനുയായികളോടൊപ്പം ആശുപത്രിയിലെത്തിയ രമേഷ് മഹാത്രെ ഡോക്ടർമാരുമായി തർക്കത്തിലേർപ്പെട്ടു.
തുടർന്ന് രമേഷും അനുയായികളും വനിതാ ഡോക്ടർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് രമേഷ് മഹാത്രെയ്ക്കെതിരെ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് അനുയായികളായ അക്ഷയ് കരാൻഡെ, രമേഷ് പവാർ, ഷൈലേഷ് നികം എന്നിവരെ അറസ്റ്റ് ചെയ്തത്.
Kerala
തൃശൂർ: ഓപ്പറേഷന്റെ തൂഫാന്റെ ഭാഗമായ പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട യുവാവ് പിടിയിൽ. എറിയാട് സ്വദേശി അഫ്സൽ ആണ് പിടിയിലായത്. കഞ്ചാവ് പോലീസിൽ നിന്ന് ഒളിപ്പിക്കുന്നതിനായാണ് ഇയാൾ അടുപ്പിലെറിഞ്ഞത്.
ഈ സമയം അടുപ്പിൽ തീയുണ്ടായിരുന്നില്ല, എന്നാൽ കനൽ ഉണ്ടായിരുന്നു. ഇതോടെ കഞ്ചാവ് പുകഞ്ഞ് പ്രദേശമാകെ പുകയും മണവും പടർന്നു. ഇതോടെ അഫ്സൽ പിടിയിലാകുകയായിരുന്നു. അടുപ്പിൽ നിന്ന് പോലീസ് കഞ്ചാവ് പൊതികൾ കണ്ടെടുത്തു.
നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായ അഫ്സലെന്ന് പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
National
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പുതിയ എഫ്ഐആര്‍. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
പുതിയ എഫ്ഐആര്‍ പ്രകാരം കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന കേസിൽ സോണിയാ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. ഇവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് ആളുകളും പ്രതികളാണ്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മർച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസാണ് കേസെടുത്തത്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് സെക്ഷൻ 66(2) പ്രകാരം ഏതൊരു ഏജൻസിയോടും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യം രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും ആവശ്യപ്പെടാൻ ഇഡിക്ക് അധികാരമുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ഡൽഹി പോലീസിന് കൈമാറിയിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ഡൽഹി കോടതി ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഈ കേസ് കൊണ്ടൊന്നും കോൺഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. യുവതി വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.
പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വാട്സാപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെയാണ് യുവതി പരാതി നൽകിയത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദം കുത്തിപ്പൊക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: സീറ്റുകിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബിജെപി നേതാക്കളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.
സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമാണ് ആനന്ദ് ജീവനൊടുക്കിയതെന്നാണ് പോലീസ് എഫ്ഐആർ. സഹോദരി ഭർത്താവിന്റെ പരാതിയിലാണ് പൂജപ്പുര പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം മൊഴി നൽകി.
സ്ഥാനാർഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സഹോദരി ഭർത്താവിന്റെ മൊഴി. ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സ് അപ്പ് കുറിപ്പിന്റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്.
സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്ന്ന് ശല്യം ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
രാഹുലിനെതിരെ ബിഎന്‍എസ് 78(2), 351 പോലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്.
National
റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടിരുന്നു.